ഇടതുപക്ഷ സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ സി.പി.എം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ തുടർച്ചയായി നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ഇതാദ്യമായാണ് സി.പി.എം അംഗത്വമെടുത്ത് പൂർണ്ണമായും പാർട്ടിയുടെ ഔദ്യോഗിക ചട്ടക്കൂടിലേക്ക് വരുന്നത്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്റെ സജീവ രാഷ്ട്രീയ പ്ലാറ്റ്‌ഫോം ശക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്നാണ് സൂചന. ഇടതുപക്ഷത്തിന്റെ പ്രധാന ജനപ്രതിനിധിയായി ദീർഘകാലം തിളങ്ങിയിട്ടും മുൻപ് പാർട്ടി അംഗത്വമെടുക്കുന്ന കാര്യത്തിൽ കെ.ടി. ജലീൽ കാര്യമായ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
എം.എൽ.എ പദവി ഒഴിഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും പാർട്ടി തീരുമാനങ്ങളിലും സജീവമായി ഇടപെടാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമായി മാറിയിരിക്കുകയാണ്.
ഔദ്യോഗികമായി പാർട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സി.പി.എം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ വഴിതെളിയും.
നേരത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ സി.പി.എം അംഗത്വം നൽകി കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയ മാതൃക നിലവിലുണ്ട്. ഇതേ മാതൃക പിന്തുടർന്ന് കെ.ടി. ജലീലിനെയും മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് പാർട്ടി ഉൾപ്പെടുത്തിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ചർച്ചകൾ.
മലപ്പുറം ജില്ലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.ടി. ജലീലിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സി.പി.എമ്മിനും വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ടി.കെ ഹംസ അടക്കമുള്ള മലപ്പുറത്തെ മുതിർന്ന സി.പി.എം നേതാക്കൾ പ്രായപരിധി കാരണവും മറ്റും സജീവ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മലപ്പുറത്ത് പാർട്ടിക്കായി ശക്തമായി വാദിക്കാനും രാഷ്ട്രീയ പ്രതിയോഗികളെ പ്രസംഗങ്ങളിലൂടെ നേരിടാനും ജനങ്ങളെ സ്വാധീനിക്കാനും കെ.ടി. ജലീലിനെപ്പോലൊരു ജനകീയ നേതാവിന്റെ സാന്നിധ്യം സി.പി.എമ്മിന് അത്യാവശ്യമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ശക്തമായ കോട്ടകളിൽ ലീഗിനെതിരെ എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും മികച്ച പ്രകടനവും കാഴ്ചവെച്ചിട്ടുള്ള നേതാവാണ് കെ.ടി ജലീൽ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഔദ്യോഗികമായ പാർട്ടി പ്രവേശം മലപ്പുറത്തെ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും കരുത്തും പകരുമെന്നുറപ്പാണ്.
