തൃണമൂലിൽ വൻ ഭിന്നത; മമതയെ മാറ്റിനിർത്തി പുതിയ പാർട്ടിക്ക് അണിയറ നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയെ പൂർണ്ണമായും മാറ്റിനിർത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്.

മഹാരാഷ്ട്രയിൽ ശിവസേനയിലും എൻ.സി.പിയിലും ഉണ്ടായതിന് സമാനമായ രാഷ്ട്രീയ അട്ടിമറി ബംഗാളിലും ആവർത്തിക്കുമെന്നാണ് സൂചനകൾ. പാർട്ടിയിലെ യുവനേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ അമിത സ്വാധീനത്തിൽ കടുത്ത അതൃപ്തിയുള്ള മുതിർന്ന നേതാക്കളും ഒരുവിഭാഗം എം.എൽ.എമാരുമാണ് ഈ വിമത നീക്കത്തിന് പിന്നിൽ.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് സംസ്ഥാനത്ത് പുതിയൊരു സഖ്യം രൂപീകരിക്കാനാണ് ഇവർ നിലവിൽ ആലോചിക്കുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എം.എ.എൽമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു.

ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. പല മുതിർന്ന നേതാക്കളും മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ പോലും ഇപ്പോൾ തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇതിനിടെ വിമത നേതാക്കൾ ഡൽഹിയിലെത്തി പ്രമുഖ ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക