പതിനാറാം കേരള നിയമസഭയുടെ ആദ്യ അടിയന്തരപ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയെ പ്രകോപിപ്പിച്ചു. സി.പി.ഐ.എമ്മിലെ കെ.എൻ. ബാലാഗോപാലാണ് പ്രതിപക്ഷത്തുനിന്നും ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നുണ്ടായ ചർച്ചയിൽ, ഇന്ധനവിലവർധനവ് വിശദമായി പരിശോധിച്ച് ആവശ്യമായ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ നടപടിയെടുക്കാൻ പത്ത് ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമായി. ഒരു തീരുമാനമാകട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അടിയന്തരപ്രമേയം ഉന്നയിച്ച കെ.എൻ. ബാലാഗോപാൽ കുറ്റപ്പെടുത്തി.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനങ്ങളുടെ അധിക നികുതി കുറച്ചു കൊടുക്കണം എന്നു പറഞ്ഞ് സമരം ചെയ്ത ആളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും, ഇപ്പോൾ അധികാരം കിട്ടിയപ്പോൾ നിലപാട് മാറ്റി സംസാരിക്കുന്നത് ഒരിയ്ക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ബാലാഗോപാൽ തുറന്നടിച്ചു.
പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വിശദമായ മറുപടി നൽകി. നിലവിലെ ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 15 മുതൽ മാത്രം നാല് വട്ടമാണ് രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിച്ചത്. വരും ദിവസങ്ങളിലും വില ഇനിയും വർധിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ധനവിലയുടെ കാര്യത്തിൽ നിലവിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇത്തരമൊരു വിലവർധനവ് ജനങ്ങളിലുണ്ടാക്കുന്ന സാമൂഹ്യ ആഘാതം കൃത്യമായി പഠിക്കുന്നതിന് മുമ്പേ കേന്ദ്രസർക്കാർ വീണ്ടും വീണ്ടും വില കൂട്ടുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഈ വിലവർധനവിന്റെ സാമൂഹ്യ ആഘാത പ്രത്യാഘാതങ്ങൾ കൃത്യമായി പഠിച്ചാൽ മാത്രമേ നിലവിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുകയുള്ളൂ. അതിനായി കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമായതിനാലാണ് പത്ത് ദിവസത്തെ സമയം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
