പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ എംഎൽഎ. എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് പണം കൈപ്പറ്റിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി വഹിക്കുന്ന പദവിയുടെ ഗൗരവം പോലും കണക്കിലെടുക്കാതെയുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന് പരിഹസിച്ച ബാലഗോപാൽ, 2025 ഒക്ടോബർ 23-നാണ് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതെന്ന് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലോ കേന്ദ്രം ഇടപെടാൻ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു ഒപ്പുവെച്ചത്. തുടർന്ന് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം നവംബർ 12-ന് പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ അറിയിച്ച് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ താത്പര്യങ്ങൾ കേരളത്തിൽ നടപ്പാക്കുന്ന ഒരു ഭരണകൂടം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ നൽകിയതെന്ന് ബാലഗോപാൽ ആരോപിച്ചു. യുഡിഎഫിന് നൂറിലധികം സീറ്റുകളും ബിജെപിക്ക് മൂന്ന് സീറ്റുകളും ലഭിക്കുന്ന തരത്തിലുള്ള ധാരണയാണ് ഇരുകൂട്ടരും വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സർവകലാശാലകളിൽ ബിജെപി അനുകൂലികളായ വൈസ് ചാൻസലർമാരെയും സെനറ്റ് അംഗങ്ങളെയും നിയമിച്ചുവെന്നും, ആർഎസ്എസ് മേധാവി പങ്കെടുത്ത പരിപാടികളിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്ന സാഹചര്യമുണ്ടായെന്നും ബാലഗോപാൽ ആരോപിച്ചു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ പോലും ആർഎസ്എസ് സ്വാധീനം കടന്നുകയറിയതായി കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതിപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പേഴ്സണൽ സ്റ്റാഫ്, ഗവൺമെന്റ് പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിൽ ആർഎസ്എസ് നോമിനികളെ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ വിജയിക്കാതെ തന്നെ കേരളം ഭരിക്കാമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ യാഥാർഥ്യമാകുകയാണെന്നും, ബിജെപിയുടെ താത്പര്യങ്ങൾ നടപ്പാക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറുകയാണെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
