പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വേണ്ടി ലോക്സഭാ എം.പി. യൂസഫ് പത്താന് പ്രത്യേക സന്ദേശം കൈമാറിയെന്ന വാർത്തകൾ ശക്തമായി നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി. തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഗാംഗുലി രംഗത്തെത്തിയത്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും ഇതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമീപകാല തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെത്തുടർന്ന്, ഉപതെരഞ്ഞെടുപ്പിലൂടെ മമത ബാനർജിയെ പാർലമെന്റിലേക്ക് എത്തിക്കാൻ തൃണമൂൽ കോൺഗ്രസ്ശ്ര മിക്കുന്നതായി ഒരു പ്രമുഖ ബംഗാളി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബഹറാംപൂർ എം.പി.യായ യൂസഫ് പത്താൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായും, മമതയ്ക്ക് വേണ്ടി സൗരവ് ഗാംഗുലിയാണ് ഈ അഭ്യർത്ഥന പത്താനെ അറിയിച്ചതെന്നുമായിരുന്നു പത്രത്തിലെ വാർത്ത.
തനിക്കെതിരെയുള്ള വാർത്തകളോട് വളരെ ശക്തമായ ഭാഷയിലാണ് ഗാംഗുലി പ്രതികരിച്ചത്:
“യഥാർത്ഥ വസ്തുതകൾ എന്തെന്ന് അന്വേഷിക്കാതെ വളരെ അശ്രദ്ധയോടെയാണ് ഈ വാർത്തകൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. യൂസഫ് പത്താന് ഏതെങ്കിലും തരത്തിലുള്ള സന്ദേശം കൈമാറാൻ മമത ബാനർജി എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പത്താനുമായി സംസാരിച്ചിട്ടുമില്ല. രാഷ്ട്രീയ കാര്യങ്ങളിൽ ഞാൻ സാധാരണയായി ഇടപെടാറില്ല,” ഗാംഗുലി പ്രസ്താവനയിൽ കൃത്യമായി വിശദീകരിച്ചു. അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കാൻ അദ്ദേഹം മാധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്തു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് ബഹറാംപൂരിൽ നിന്ന് തൃണമൂൽ ടിക്കറ്റിൽ യൂസഫ് പത്താൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ഇപ്പോൾ ഉയർന്നിരിക്കുന്ന പുതിയ വിവാദങ്ങളോട് എം.പി. യൂസഫ് പത്താനോ മുഖ്യമന്ത്രി മമത ബാനർജിയോ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
