കൂട്ടത്തോടെ മിസൈലുകളും ഡ്രോണുകളും; അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം ; ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ.ആർ.ജി.സി

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി വിവിധ അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. സമീപദിവസങ്ങളിൽ തങ്ങൾക്കെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾക്കുള്ള ശക്തമായ പ്രതികാരമായാണ് ഈ ഓപ്പറേഷനെ ഇറാൻ വിശേഷിപ്പിച്ചത്.

ഇറാനും ഇസ്രായേലും തമ്മിലുള്ള സമാന്തര സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള കൊമ്പുകോർക്കൽ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അത്യാധുനിക ‘അപ്പാച്ചെ’ സൈനിക ഹെലികോപ്റ്റർ തകർന്നുവീണിരുന്നു. ഇതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചുകൊണ്ട് ചൊവ്വാഴ്ച യു.എസ് സെൻട്രൽ കമാൻഡ് ഇറാനിയൻ അതിർത്തിക്കുള്ളിൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ തിരിച്ചടി.

അമേരിക്ക നടത്തിയ ആക്രമണത്തിൽ സിരിക് ദ്വീപിലെ തങ്ങളുടെ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറും ബെമാനി ജില്ലയിലെ രണ്ട് പ്രധാന ജലസംഭരണികളും തകർന്നതായി ഐ.ആർ.ജി.സി സമ്മതിച്ചു. ഇതിന് പകരമായി ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പടയുടെ പ്രധാന ആസ്ഥാനത്തിന് നേരെയും ജോർദാനിലെ അൽ-അസ്രാഖ് വ്യോമതാവളത്തിലെ നാല് തന്ത്രപ്രധാന ലക്ഷ്യങ്ങൾക്ക് നേരെയും മാരകമായ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. യു.എസിന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഹാംഗറുകൾ തകർത്തവയിൽ ഉൾപ്പെടുന്നു.

ഇറാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ, രാത്രിയുടെ ഇരുട്ടിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കൂട്ടത്തോടെ മിസൈലുകൾ ആകാശത്തേക്ക് കുതിച്ചുയരുന്നത് കാണാം. മിസൈലുകൾക്ക് പുറമെ ചാവേർ ഡ്രോണുകളും ഈ ഓപ്പറേഷന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന യു.എസിന്റെ 21 സൈനിക ലക്ഷ്യങ്ങളിലാണ് തങ്ങൾ ആക്രമണം നടത്തിയതെന്നും, ഇതിൽ അമേരിക്കയുടെ പ്രശസ്തമായ റീപ്പർ ഡ്രോൺ താവളവും തകർത്തതായും ഐ.ആർ.ജി.സി പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. ആക്രമണത്തോടെ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക