‘മുഖ്യമന്ത്രി പിണറായി വിജയനെന്ന്…’ വാർത്താസമ്മേളനത്തിൽ വി.ഡി സതീശന് നാക്കുപിഴ; തിരുത്തി മാധ്യമപ്രവർത്തകർ

വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സംഭവിച്ച നാക്കുപിഴ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചിരി പടർത്തുന്നു. നേമത്തെ വോട്ട് വിഹിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് വി.ഡി സതീശൻ സ്വയം ‘മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചത്.

കോൺഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് യു.ഡി.എഫ് ജയിച്ചത് എന്ന പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. “കോൺഗ്രസിനും എൽ.ഡി.എഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാൻ സഭയിൽ മറുപടി കൊടുത്തു…” എന്ന് വി.ഡി സതീശൻ പറഞ്ഞു നിർത്തിയ ഉടൻ തന്നെ, ‘മുഖ്യമന്ത്രിയല്ല പ്രതിപക്ഷ നേതാവ്’ എന്ന് മാധ്യമപ്രവർത്തകർ തിരുത്തുകയായിരുന്നു.

നാക്കുപിഴ മനസ്സിലായതോടെ ചിരിച്ചുകൊണ്ട് വി.ഡി സതീശൻ തന്റെ പ്രസ്താവന തിരുത്തി. ഇതിനിടെ, പിണറായി വിജയനെ ‘മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം തൊട്ടടുത്ത നിമിഷം തന്നെ ‘മുൻ മുഖ്യമന്ത്രി’ എന്ന് തിരുത്തിപ്പറഞ്ഞതും ശ്രദ്ധേയമായി.

നാക്കുപിഴകൾക്ക് അപ്പുറം കടുത്ത രാഷ്ട്രീയ ആരോപണങ്ങളാണ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. ചാത്തന്നൂരിലും കഴക്കൂട്ടത്തും യു.ഡി.എഫിന്റെ വോട്ട് വിഹിതം വർദ്ധിച്ചതായും സി.പി.എമ്മിന്റെ വോട്ട് കുത്തനെ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലാണ് പാർട്ടിക്ക് വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായത്. ഇത് വ്യക്തമായ ബി.ജെ.പി – സി.പി.എം ധാരണയുടെ ഭാഗമാണ്. തങ്ങളുടെ മുതിർന്ന നേതാക്കൾ വർഷങ്ങളായി കൈവശം വെച്ചിരുന്ന സിറ്റിംഗ് സീറ്റുകൾ വെള്ളിത്താലത്തിലാക്കി ബി.ജെ.പിക്ക് കൈമാറുകയാണ് സി.പി.എം ചെയ്തതെന്നും വി.ഡി സതീശൻ കടുത്ത ഭാഷയിൽ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക