വീര്യം കുറഞ്ഞ മദ്യം: വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി; ‘ഇത് മുൻ സർക്കാർ തീരുമാനത്തിന്റെ തുടർച്ച’

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. നിലവിൽ ചർച്ചയാകുന്ന തീരുമാനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എടുത്ത നയപരമായ തീരുമാനങ്ങളുടെ ഭാഗമാണെന്നും, ഇപ്പോൾ അതിനെ വിമർശിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ വിഷയത്തിൽ എക്സൈസ് വകുപ്പിന് നേരിട്ടുള്ള പങ്കില്ലെന്നും, വീര്യം കുറഞ്ഞ മദ്യത്തെക്കുറിച്ചുള്ള പ്രത്യേക നയപ്രഖ്യാപനം വകുപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അബ്കാരി നയവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കേട്ടശേഷം കേരളത്തിന് ഗുണകരമായ സമഗ്ര മദ്യനയം സർക്കാർ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ബജറ്റിൽ പരാമർശിച്ച കാര്യങ്ങൾ നികുതി ഘടനയുമായി ബന്ധപ്പെട്ടതാണെന്നും, അതിനെ മദ്യനയത്തിലെ അടിസ്ഥാനപരമായ മാറ്റമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ലഭ്യതക്കുറവ് ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. 750 മില്ലി ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പേ നിർത്തിയതാണെന്നും, തുടർന്ന് 1000 മില്ലി കുപ്പികളുടെ നിർമാണവും അവസാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിങ് സാമഗ്രികളുടെ ലഭ്യതക്കുറവാണ് ഉൽപ്പാദനം തടസ്സപ്പെടാൻ കാരണമായതെന്നും, ഈ പ്രശ്നം ബെവ്കോ മാനേജ്മെന്റ് സർക്കാരിനെ യഥാസമയം അറിയിച്ചിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു. വിഷയത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, ‘മിന്നൽ മാജിക്’ മദ്യത്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഈ ബ്രാൻഡ് ഉൽപ്പാദിപ്പിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബ്രാണ്ടി നിർമാണ പദ്ധതിയും മുൻ സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണെന്നും, അതിനാവശ്യമായ യന്ത്രസാമഗ്രികൾ ഇതിനകം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ബ്രാണ്ടി നിർമാണം ആരംഭിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ പഠനവും ആലോചനയും നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും എം. ലിജു കൂട്ടിച്ചേർത്തു.

മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പൊതുജന താൽപര്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക