മുംബൈയിൽ വൈറൽ രോഗങ്ങളുടെ വ്യാപനം വർധിക്കുന്നു; കോവിഡ്, പന്നിപ്പനി കേസുകളിൽ ആശങ്ക

മൺസൂൺ വൈകിയെത്തിയതിനെ തുടർന്ന് മുംബൈയിൽ വൈറൽ രോഗങ്ങളുടെ വ്യാപനം വർധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. കോവിഡ്-19, പന്നിപ്പനി , ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുകയാണ്.

കടുത്ത പനി, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടുന്നത്. അടുത്തിടെ പന്നിപ്പനി കേസുകൾ വർധിച്ചതിന് പിന്നാലെ കോവിഡ് കേസുകളിലും വീണ്ടും ഉയർച്ചയുണ്ടായതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രീച്ച് കാൻഡി ഉൾപ്പെടെയുള്ള ആശുപത്രികളിലെ ലാബുകളിൽ പ്രതിദിനം നിരവധി കോവിഡ്, പന്നിപ്പനി പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഒന്നിലധികം വൈറസുകൾ ഒരേസമയം പ്രചരിക്കുന്നതിനാൽ രോഗലക്ഷണങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നും കൃത്യമായ രോഗനിർണയത്തിനായി പി.സി.ആർ പരിശോധനകൾ അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

മൺസൂൺ വൈകിയെത്തിയതും അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും വൈറസുകളുടെ വ്യാപനത്തിന് പ്രധാന കാരണങ്ങളാണെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. ദക്ഷ ഷാ അറിയിച്ചു. മഴ ശക്തമാകുന്നതോടെ അന്തരീക്ഷം ശുദ്ധമാകുകയും രോഗവ്യാപനത്തിൽ കുറവ് ഉണ്ടാകുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.

നിലവിൽ റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഗുരുതരമല്ലെങ്കിലും പ്രായമായവർ, ഗർഭിണികൾ, പ്രമേഹരോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. സ്വമേധയാ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ലക്ഷണങ്ങൾ രൂക്ഷമായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകളും പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക