മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗത്തിലെ ആറ് ലോക്സഭാ എംപിമാർ ഇന്ന് ഔദ്യോഗികമായി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ചേരാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ഒമ്പത് എംപിമാരുള്ള ഉദ്ധവ് വിഭാഗത്തിൽ നിന്ന് ആറ് പേർ ചേരിമാറുന്നതിനാൽ, ലോക്സഭയിലെ പാർലമെന്ററി കക്ഷിയുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ കൂറുമാറ്റ നിയമത്തിന്റെ ബാധ്യത ഒഴിവാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. വിമത എംപിമാർ നേരത്തെ തന്നെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി ഷിൻഡെ വിഭാഗത്തോടൊപ്പമാകുന്നുവെന്ന് അറിയിച്ചിരുന്നു.
പാർട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, എംപിമാരുടെയും എംഎൽഎമാരുടെയും അടിയന്തര യോഗം ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്. പാർട്ടി വിടുന്നവരുടെ എണ്ണം വർധിക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
വിമതരിൽ ഒരാളായ ഹിംഗോലി എംപി നാഗേഷ് അഷ്ടികർ കഴിഞ്ഞ ദിവസം തന്നെ പിളർപ്പ് പരസ്യമാക്കിയിരുന്നു. ഉദ്ധവ് താക്കറെയോടുള്ള വ്യക്തിപരമായ എതിർപ്പല്ല പാർട്ടി വിടാനുള്ള കാരണമെന്നും, മണ്ഡല വികസനത്തിന് ആവശ്യമായ കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കുന്നതിനായാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ നിലപാടാണ് മറ്റ് വിമത എംപിമാരും സ്വീകരിക്കാൻ സാധ്യത.
വിമതർ വാർത്താസമ്മേളനം നടത്തി ലോക്സഭാ സ്പീക്കർക്ക് നൽകിയ കത്തും കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും പുറത്തുവിടുമെന്നാണ് വിവരം. തങ്ങളുടെ തീരുമാനം ജനങ്ങളോട് വിശദീകരിക്കാനാണ് ഇവരുടെ ശ്രമം.
അതേസമയം, ജില്ലാ തല നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നത് തടയാൻ വിമത എംപിമാരുടെ മണ്ഡലങ്ങളിൽ നേരിട്ട് സന്ദർശനം നടത്താൻ ഉദ്ധവ് താക്കറെ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27, 28, 29 തീയതികളിലായിരിക്കും സന്ദർശനങ്ങൾ.
‘ഓപ്പറേഷൻ ടൈഗർ’ എന്ന രഹസ്യനാമത്തിൽ ആസൂത്രണം ചെയ്ത നീക്കത്തിലൂടെയാണ് എംപിമാരുടെ ചേരിമാറ്റം നടന്നതെന്നാണ് മഹാരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്ന വിവരം. സംസ്ഥാന മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും സൂചന നൽകാതെയായിരുന്നു എംപിമാർ നീക്കങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കൂറുമാറ്റ ഭീഷണിയും ആഭ്യന്തര കലാപവും ശക്തമായ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ പോലും തയ്യാറാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. മറുവശത്ത്, ഉദ്ധവ് വിഭാഗത്തിൽ നിന്ന് എത്തുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഏകനാഥ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്.
