അമൃത്സറിലിറങ്ങുന്നതിനിടെ പാക് വ്യോമാതിർത്തി ലംഘിച്ച് എയർ ഇന്ത്യ വിമാനം; അന്വേഷണം ആരംഭിച്ചു

ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡിംഗിനായുള്ള തയ്യാറെടുപ്പിനിടെ പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ നേരിയ തോതിൽ കടന്നുകയറിയതായി എയർലൈൻ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തെ തുടർന്ന് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അമൃത്സറിലേക്ക് അടുക്കുന്നതിനിടെയാണ് വ്യോമാതിർത്തി ലംഘനം ഉണ്ടായതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധന നടക്കുകയാണെന്നും കമ്പനി അറിയിച്ചു.

“യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് എയർ ഇന്ത്യയുടെ പ്രധാന പരിഗണന. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ ആന്തരിക അന്വേഷണവും പുരോഗമിക്കുകയാണ്,” പ്രസ്താവനയിൽ പറയുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും തുടർന്ന് ഉണ്ടായ അതിർത്തി സംഘർഷങ്ങളെയും തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്കായി പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ സിവിൽ, സൈനിക വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

പാകിസ്ഥാൻ ഈ നിയന്ത്രണം വീണ്ടും നീട്ടി ജൂലൈ 24 വരെ പ്രാബല്യത്തിൽ തുടരുമെന്ന് അറിയിച്ചിരുന്നു. അതേസമയം, പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് ഇന്ത്യയും തുടരുകയാണ്.

വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ യൂറോപ്പ്, മധ്യേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ദൈർഘ്യമേറിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

അറേബ്യൻ കടലിന് മുകളിലൂടെയും യുഎഇ, ഒമാൻ എന്നിവ വഴിയുമുള്ള വഴിതിരിച്ചുവിടലുകൾ കാരണം യാത്രാസമയം വർധിക്കുകയും ഇന്ധനച്ചെലവ് കൂടുകയും ചെയ്യുന്നു. ഇതിന്റെ സാമ്പത്തികഭാരം വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഒരുപോലെ ബാധിക്കുന്നുണ്ട്. കൂടാതെ, അൽമാറ്റി, താഷ്കന്റ് തുടങ്ങിയ മധ്യേഷ്യൻ നഗരങ്ങളിലേക്കുള്ള ചില സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഇന്ത്യൻ വിമാനക്കമ്പനികൾ നിർബന്ധിതരായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക