സുവേന്ദു അധികാരിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കം

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പരാമർശങ്ങൾ. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് മഹുവ തുറന്നുപറഞ്ഞതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നത്.

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, ടിഎംസിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് സുവേന്ദു അധികാരി തനിക്ക് വലിയ പിന്തുണ നൽകിയിരുന്നുവെന്ന് മഹുവ പറഞ്ഞു. “സുവേന്ദുവുമായി എനിക്ക് നല്ല വ്യക്തിപരമായ ബന്ധമുണ്ട്. ഒരു തരത്തിൽ ഞങ്ങൾക്കിടയിൽ വൈകാരിക ബന്ധവുമുണ്ട്,” എന്നാണ് മഹുവയുടെ പ്രതികരണം.

2014-ൽ ലോക്‌സഭാ ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് താൻ കടുത്ത നിരാശയിലായിരുന്നുവെന്നും, അന്ന് സുവേന്ദു അധികാരിയാണ് ആത്മവിശ്വാസം നൽകിയും പ്രോത്സാഹിപ്പിച്ചും കൂടെ നിന്നതെന്നും അവർ ഓർമിച്ചു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരിംപൂരിൽ നിന്ന് മത്സരിച്ചപ്പോൾ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രമുഖ നേതാവ് സുവേന്ദുവായിരുന്നുവെന്നും മഹുവ പറഞ്ഞു.

സംസ്ഥാനത്ത് ടിഎംസി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് മഹുവയുടെ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വസ്ഥതകൾ ഉയർന്നിട്ടുണ്ടെന്നും, ചില നേതാക്കൾ വ്യത്യസ്ത നിലപാടുകളുമായി രംഗത്തുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ടിഎംസി കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ മഹുവ മൊയ്ത്ര തള്ളി. പാർട്ടിയെക്കുറിച്ചുള്ള വിവിധ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി.

മമത ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മഹുവയുടെ പരാമർശങ്ങൾ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക