ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ പോർച്ചുഗലും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആവേശകരമായ പോരാട്ടമായിരുന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. സമനിലയോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊളംബിയയും രണ്ടാം സ്ഥാനക്കാരായി പോർച്ചുഗലും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.
മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും നേടിയ കൊളംബിയ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഒരു ജയവും രണ്ട് സമനിലകളും നേടിയ പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മത്സരത്തിൽ ആക്രമണത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കൊളംബിയ വ്യക്തമായ മേൽക്കൈ പുലർത്തി. ആറ് ഓൺ-ടാർഗറ്റ് ശ്രമങ്ങൾ ഉൾപ്പെടെ ആകെ 24 ഷോട്ടുകൾ ഉതിർത്ത കൊളംബിയൻ മുന്നേറ്റം പോർച്ചുഗൽ പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കി. എന്നാൽ മികച്ച പ്രതിരോധവും ഗോളകീപ്പറുടെ മികവും പോർച്ചുഗലിനെ രക്ഷിച്ചു.
ഇഞ്ചുറി ടൈമിൽ ഡേവിസൺ സാഞ്ചസിലൂടെ കൊളംബിയ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് വിധി ഗോൾ നിഷേധിച്ചു. നിരവധി മികച്ച അവസരങ്ങൾ ഇരുടീമുകളും നഷ്ടപ്പെടുത്തിയതോടെ ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
നോക്കൗട്ട് റൗണ്ടിൽ ജൂലൈ 3ന് ടൊറന്റോയിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടും. ജൂലൈ 4ന് കൊളംബിയ ഘാനയ്ക്കെതിരെ ഇറങ്ങും. അതേസമയം, ഇന്നത്തെ മത്സരഫലങ്ങളോടെ ഇംഗ്ലണ്ടും ക്രൊയേഷ്യയും അവസാന 32-ൽ ഇടം ഉറപ്പിച്ചു.
