വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയതിനെതിരെ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നതാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നയപ്രഖ്യാപനത്തിൽ ഉൾപ്പെടാത്ത വിഷയം ബജറ്റിലൂടെ അവതരിപ്പിച്ചത് ഗുരുതരമായ നടപടിക്രമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷമാണ് ധനബിൽ അവതരിപ്പിക്കേണ്ടതെന്നും, നയപ്രഖ്യാപനത്തിൽ പരാമർശിക്കാത്ത കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഭരണഘടനാപരമായ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബജറ്റിലൂടെ മദ്യനികുതി ഇളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ഒഴിവാക്കിയ ശേഷമേ ധനബിൽ നിയമസഭയിൽ അവതരിപ്പിക്കാവൂവെന്നും, നിലവിലെ രൂപത്തിൽ ബിൽ അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു. മദ്യനികുതി ഇളവ് സംബന്ധിച്ച സർക്കാർ നീക്കം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
