പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തിനെതിരെ ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയ്ക്ക് മറുപടിയുമായി സി.പി.എം മുഖപത്രമായ ‘തീക്കദിർ’. സിപിഎം വ്യക്തികളുടെ ഏകപക്ഷീയ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും എല്ലാ നിലപാടുകളും കൂട്ടായ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും തീക്കദിർ എഡിറ്റോറിയലിൽ വ്യക്തമാക്കി.
പി. ഷൺമുഖം ഒരു വ്യക്തി മാത്രമല്ല, സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത പാർട്ടി സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം അവതരിപ്പിച്ച നിലപാടുകൾ പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 1996-ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിർദേശം കേന്ദ്ര കമ്മിറ്റി തള്ളിയ സംഭവത്തെ ഉദാഹരിച്ച്, നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കപ്പുറം കൂട്ടായ തീരുമാനമാണ് സി.പി.എമ്മിന്റെ പാരമ്പര്യമെന്ന് തീക്കദിർ വിശദീകരിച്ചു.
സമീപകാല രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ടിവികെ യ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും, ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ആ തീരുമാനത്തിന് പിന്നിലെന്നും ലേഖനം പറയുന്നു. അധികാരമോ മന്ത്രിസ്ഥാനമോ ലക്ഷ്യമാക്കിയല്ല സി.പി.എം പിന്തുണ നൽകിയതെന്നും അതിൽ യാതൊരു സ്വാർത്ഥ താത്പര്യവും ഉണ്ടായിരുന്നില്ലെന്നും തീക്കദിർ അവകാശപ്പെട്ടു.
2004-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകിയതും ബി.ജെ.പി നേതൃത്വത്തിലുള്ള സംഘപരിവാർ രാഷ്ട്രീയത്തെ തടയുന്നതിനായിരുന്നുവെന്നും സി.പി.എം നിലപാട് ആവർത്തിച്ചു. അതേസമയം, ഏതെങ്കിലും ദ്രാവിഡ പാർട്ടിയുടെയോ മുതലാളിത്ത രാഷ്ട്രീയത്തിന്റെയോ പിന്തുണക്കാരായി പ്രവർത്തിക്കുന്നതല്ല പാർട്ടിയുടെ ലക്ഷ്യമെന്നും തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള സാമൂഹിക മാറ്റമാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നും ലേഖനം വ്യക്തമാക്കുന്നു.
മുരസൊലി ഉന്നയിച്ച വിമർശനങ്ങൾ രാഷ്ട്രീയ വസ്തുതകളെ അവഗണിച്ചുള്ളതാണെന്നും, സി.പി.എമ്മിന്റെ ചരിത്രവും പ്രത്യയശാസ്ത്രപരമായ നിലപാടുകളും മനസ്സിലാക്കാതെയുള്ള ആരോപണങ്ങളാണെന്നും തീക്കദിർ കുറ്റപ്പെടുത്തി.
