സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുമെന്ന പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ജൂൺ 29, 30 തീയതികളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണം. നദീതീരങ്ങളിലും ഡാമുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരും മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ബലക്ഷയം സംഭവിച്ച മേൽക്കൂരകളുള്ള വീടുകളിൽ താമസിക്കുന്നവർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ കഴിയുന്നവർ പകൽ സമയത്ത് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെടുകയും ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്യണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
