ഇന്ത്യയിലെ മുസ്ലിംകൾ “മതേതര പാർട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ വോട്ടർമാരായി തുടരുന്നതിനുപകരം, അവകാശങ്ങളുള്ള പൗരന്മാരായി മാറാൻ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വികസിപ്പിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹൈദരാബാദ് എംപി. “മതേതര പാർട്ടികൾ” ബിജെപിയെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
“മുസ്ലിംകൾ സ്വന്തം സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം സൃഷ്ടിക്കാൻ ശ്രമിക്കണം. മതേതരമല്ലാത്ത ‘മതേതര പാർട്ടികൾ’ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ വോട്ട് പാഴാകുകയാണ്. ബിജെപിയെ തടയുന്നതിൽ അവർ പരാജയപ്പെട്ടു,” ഒവൈസി പറഞ്ഞു.
ഫാസിസ്റ്റ്, വർഗീയ ശക്തികളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നുവെങ്കിലും, അതിനർത്ഥം മുസ്ലിംകൾക്ക് സ്വന്തം രാഷ്ട്രീയ നേതൃത്വം ഉണ്ടാകരുതെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“വർഷങ്ങളായി മതേതര പാർട്ടികളിൽ വിശ്വാസം വെച്ചിട്ടും മുസ്ലിംകൾക്ക് യാതൊരു വികസനവും ലഭിച്ചിട്ടില്ല. അനീതിയും വിവേചനവും തുടരുകയാണ്. മഹാരാഷ്ട്ര, ബീഹാർ, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്ക് വോട്ട് നൽകിയിട്ടും ബിജെപി വിജയിച്ച സാഹചര്യത്തിൽ സമൂഹം അവരുടെ വോട്ടിന്റെ മൂല്യം തിരിച്ചറിയണം,” ഒവൈസി കൂട്ടിച്ചേർത്തു.
