പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.
“ഞാന്‍ തോറ്റിട്ടില്ല, അതുകൊണ്ട് രാജ് ഭവനിലേക്ക് പോകുന്നില്ല. രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല,” എന്ന് പത്രസമ്മേളനത്തില്‍ മമത വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വോട്ട് ചോരി നടന്നുവെന്നാണ് അവര്‍ ആരോപിച്ചത്. നൂറോളം സീറ്റുകളില്‍ ക്രമക്കേടുകള്‍ ഉണ്ടായതായും, ഇതില്‍ ബിജെപിയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും പങ്കാളികളാണെന്നും മമത പറഞ്ഞു.
ജനാധിപത്യം ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടതല്ലെന്നും, നീതിന്യായ വ്യവസ്ഥ ദുര്‍ബലമാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന സാഹചര്യം ലോകത്തിന് മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മമത ബാനര്‍ജി രംഗത്തെത്തി. വോട്ടെണ്ണല്‍ നീതിയുക്തമല്ലാതെയായിരുന്നു എന്നും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറിയെന്നും അവര്‍ ആരോപിച്ചു.
