എന്തുകൊണ്ട് കോഴിക്കോട്; എട്ടുവർഷത്തിനിടെ നാലാം തവണ നിപ വൈറസ് ബാധ

കോഴിക്കോട് ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് . കഴിഞ്ഞ എട്ടുവർഷത്തിനിടെ നാലാം തവണയാണ് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത്. ഓരോ തവണയും കേന്ദ്ര-സംസ്ഥാന ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, രോഗം എന്തുകൊണ്ടാണ് കോഴിക്കോട് ജില്ലയിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയിലേക്ക് വൈറസ് എങ്ങനെയാണ് എത്തിച്ചേർന്നതെന്നതും അന്വേഷണ വിധേയമാണ്. നിപ വൈറസിന്റെ പ്രധാന വാഹകരായി വവ്വാലുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ജില്ലയിലെ ചില പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങൾ വൈറസിന്റെ വ്യാപനത്തിനും സാന്ദ്രത വർധനയ്ക്കും കാരണമാകുന്നുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

2018 മെയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ചങ്ങരോത്തുണ്ടായ രോഗവ്യാപനത്തിൽ നഴ്സ് ലിനി ഉൾപ്പെടെ 17 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. തുടർന്ന് 2021-ൽ ഒരാളും 2023-ൽ രണ്ടുപേരും നിപ ബാധിച്ച് മരിച്ചു.

2024, 2025 വർഷങ്ങളിലും നിപ രോഗലക്ഷണങ്ങളുമായി നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 22 പേരാണ് നിപ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഈ മാരക വൈറസിന്റെ ഉറവിടവും വ്യാപനരീതികളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുന്നതിനുമായി ഗവേഷണങ്ങളും പഠനങ്ങളും തുടരുകയാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക