ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; നികുതി വെട്ടിപ്പിൽ 9.63 കോടി രൂപ അടയ്ക്കാൻ സൊമാറ്റോയ്ക്ക് നിർദേശം

ജനപ്രിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ച് 9.63 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രാപ്രദേശ് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിലെ ജിഎസ്ടി കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സൊമാറ്റോയുടെ മാതൃ കമ്പനിയായ എറ്റേണലിനാണ് )
നോട്ടീസ് ലഭിച്ചത്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ യഥാർത്ഥത്തിൽ അടയ്‌ക്കേണ്ട നികുതിയേക്കാൾ കുറഞ്ഞ തുക മാത്രമാണ് അടച്ചതെന്നാണ് ജിഎസ്ടി അധികൃതരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച ഉത്തരവ് ജൂൺ 9-ന് ലഭിച്ചതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെ അറിയിച്ചു.

നോട്ടീസ് പ്രകാരം ആകെ 9.63 കോടി രൂപയാണ് അടയ്‌ക്കേണ്ടത്. ഇതിൽ 6.49 കോടി രൂപ നികുതി കുടിശ്ശികയും 2.50 കോടി രൂപ പലിശയും 64.87 ലക്ഷം രൂപ പിഴയുമാണ് ഉൾപ്പെടുന്നത്. അതേസമയം, ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തലുകൾക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി അറിയിച്ചു. വിഷയത്തിൽ തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്ന ശക്തമായ വാദങ്ങളുണ്ടെന്നാണ് എറ്റേണൽ വ്യക്തമാക്കിയത്.

“2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ ജിഎസ്ടി ആവശ്യവുമായി ബന്ധപ്പെട്ട ഉത്തരവ് 2026 ജൂൺ 9-ന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഞങ്ങളുടെ ഭാഗത്ത് ശക്തമായ നിയമപരമായ വാദങ്ങളുണ്ട്. അതിനാൽ ബന്ധപ്പെട്ട അപ്പീൽ അതോറിറ്റിയെ സമീപിക്കും,” എന്നാണ് കമ്പനി ഫയലിംഗിൽ വ്യക്തമാക്കിയത്.

നിലവിലെ നോട്ടീസ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയോ പ്രവർത്തനങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും എറ്റേണൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക