കോഴിക്കോട്ട് വീണ്ടും നിപ; ഫറോക്ക് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയെ കൂടുതൽ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

രോഗിയുടെ സ്രവസാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വവ്വാലുകളും പന്നികളുമാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകരായി കണക്കാക്കപ്പെടുന്നത്. രോഗബാധിതരായ മൃഗങ്ങളിൽ നിന്നോ രോഗബാധിതരായ വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മനുഷ്യരിലേക്ക് പകരാം. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീർ, മൂത്രം, കാഷ്ഠം എന്നിവ കലർന്ന ഭക്ഷണപദാർഥങ്ങളിലൂടെയും പഴങ്ങളിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.

വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം സാധാരണയായി നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, ശരീരവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്നതോടെ ഛർദ്ദി, ആശയക്കുഴപ്പം, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

രോഗം നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക