മുൻ സർക്കാരിന്റെ നല്ല പദ്ധതികൾ തുടരും; ആരോഗ്യരംഗത്ത് മാസ്റ്റർ പ്ലാൻ: കെ. മുരളീധരൻ

മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നല്ല പദ്ധതികൾ തുടരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ എത്രയും വേഗം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും സംബന്ധിച്ച് മുൻകാലങ്ങളിൽ ഉയർന്ന പരാതികൾ ആവർത്തിക്കാതിരിക്കാൻ കർശന മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ എത്രയും വേഗത്തിൽ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു

ദേവസ്വം ബോർഡുകളിലെ അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. “ദേവന്റെ സ്വത്ത് കക്കാനുള്ളതല്ല” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഏത് ഭരണകൂടം വന്നാലും അഴിമതി നടത്തുന്ന ചിലർ വകുപ്പിലുണ്ടാകാമെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

നിലവിലെ ദേവസ്വം ബോർഡ് അധ്യക്ഷന്മാരുമായി രാഷ്ട്രീയത്തിനതീതമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ എന്നത് ഒരു തുടർപ്രക്രിയയാണെന്നും മുൻ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുന്നതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക