10 ശതമാനം ജീവനക്കാരെ മെയ് 20 മുതൽ പിരിച്ചുവിടാൻ മെറ്റാ

അമേരിക്കൻ ടെക് ഭീമനായ മെറ്റാ ആഗോളതലത്തിൽ ജീവനക്കാരുടെ 10 ശതമാനം വരെ പിരിച്ചുവിടാനുള്ള നടപടികൾ മെയ് 20 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൃത്രിമബുദ്ധി (AI) സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിപുലമായ പുനഃസംഘടനയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ചില മാനേജീരിയൽ തസ്തികകൾ ഒഴിവാക്കുകയും ചെറിയ ടീമുകളെ അടിസ്ഥാനമാക്കിയുള്ള “AI-നേറ്റീവ്” പ്രവർത്തന ഘടനയിലേക്ക് കമ്പനി മാറുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഏകദേശം 6,000 ഒഴിവുള്ള തസ്തികകളും ഒഴിവാക്കാനാണ് തീരുമാനം.

ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളും പുനഃസംഘടനയും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കമ്പനിയിലെ ഏകദേശം 20 ശതമാനം ജീവനക്കാരെ ബാധിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ വരെ ഏകദേശം 79,000 ജീവനക്കാരാണ് മെറ്റയ്ക്കുണ്ടായിരുന്നത്. ഇതനുസരിച്ച് 16,000ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

പുതിയ നീക്കങ്ങൾക്കെതിരെ കമ്പനിക്കുള്ളിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ചില ജീവനക്കാർ ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും കമ്പനിയുടെ ആഭ്യന്തര പ്ലാറ്റ്‌ഫോമായ ‘വർക്ക്പ്ലേസ്’ വഴി പരാതികൾ നൽകുകയും ചെയ്തു.

സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി AI പരിശീലനത്തിനായി ഉപയോഗിക്കുന്ന പുതിയ മൗസ്-ട്രാക്കിംഗ് സോഫ്റ്റ്‌വെയറിനെതിരായ നിവേദനത്തിൽ ആയിരത്തിലധികം ജീവനക്കാർ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, 2026-ൽ ആഗോള ടെക് മേഖലയിലെ പിരിച്ചുവിടലുകൾ വേഗം കൂടുകയാണ്. ആദ്യ പാദത്തിൽ മാത്രം 80,000ത്തിലധികം തൊഴിലുകൾ നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. Oracle, Amazon, മെറ്റ എന്നിവ ഉൾപ്പെടെയുള്ള കമ്പനികളാണ് വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് നേതൃത്വം നൽകുന്നത്. ഈ വർഷം ആകെ തൊഴിൽ നഷ്ടം മൂന്ന് ലക്ഷത്തിന് മുകളിൽ എത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് കാലത്തെ വ്യാപക നിയമനങ്ങൾക്ക് പിന്നാലെ കമ്പനികൾ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടൽ തരംഗം രൂപപ്പെടുന്നത്. 2021 മുതൽ ആഗോളതലത്തിൽ ഒരു ദശലക്ഷത്തിലധികം ടെക് ജോലികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

2026-ലെ പിരിച്ചുവിടലുകളുടെ ഏകദേശം പകുതിയും AI-അടിസ്ഥാനമാക്കിയുള്ള പുനഃസംഘടനകളുമായി ബന്ധപ്പെട്ടതാണ്. AIയും ഓട്ടോമേഷനും ടെക് മേഖലയിലെ വലിയ മാറ്റങ്ങൾക്ക് പ്രധാന കാരണങ്ങളായി മാറുകയാണെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം നേരിടുന്ന രാജ്യം അമേരിക്ക തന്നെയാണ്. ഈ വർഷം ഇതുവരെ നടന്ന ടെക് പിരിച്ചുവിടലുകളുടെ 77 ശതമാനവും അമേരിക്കയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 62 കമ്പനികളിലായി 61,000ത്തിലധികം തൊഴിലുകളാണ് ഇതിനകം നഷ്ടമായത്.

മറുപടി രേഖപ്പെടുത്തുക