നമ്മൾ ഇന്ന് വൈദ്യുതി ഉൽപ്പാദനത്തിനും വ്യവസായ ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന കൽക്കരി ഒരുകാലത്ത് ഭൂമിയിൽ പച്ചപിടിച്ചുനിന്ന വനങ്ങളായിരുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമിക്കടിയിൽ അടിഞ്ഞുകൂടുകയും, കാലക്രമേണ കടുത്ത ചൂടും മർദവും ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് അവ കൽക്കരിയായി രൂപാന്തരപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് കൽക്കരി “ഫോസിൽ ഇന്ധനം” എന്നറിയപ്പെടുന്നത്.
ലോകം പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിലേക്ക് വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും കൽക്കരി ഇന്നും ആഗോള ഊർജ്ജമേഖലയിലെ പ്രധാന ശക്തിയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ശേഖരം ഏത് രാജ്യത്തിനാണ് എന്നറിയാമോ?
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ശേഖരം അമേരിക്കയിലാണ്. ഏകദേശം 254.19 ബില്യൺ ടൺ കൽക്കരിയാണ് അമേരിക്കയുടെ ഭൂഗർഭത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആഗോള കൽക്കരി ശേഖരത്തിന്റെ 22.31 ശതമാനവും അമേരിക്കയുടെ കൈവശമാണ്.
ലോകത്തിലെ മുഴുവൻ കൽക്കരി ശേഖരവും ഒരിടത്ത് കൂട്ടിയിട്ടാൽ അതിന്റെ നാലിലൊന്ന് അമേരിക്കയുടേതായിരിക്കും എന്നതാണ് ഈ കണക്കുകളുടെ പ്രത്യേകത. നിലവിലെ ഉപഭോഗ നിരക്കുകൾ കണക്കിലെടുത്താൽ വരും നൂറ്റാണ്ടുകളിലേക്കും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ശേഖരം മതിയാകുമെന്നാണ് വിലയിരുത്തൽ.
കൽക്കരി ശേഖരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ആദ്യ അഞ്ച് രാജ്യങ്ങൾ:
- അമേരിക്ക – 254.19 ബില്യൺ ടൺ (22.31%)
- റഷ്യ – 176.77 ബില്യൺ ടൺ (15.51%)
- ഓസ്ട്രേലിയ – 159.63 ബില്യൺ ടൺ (14.01%)
- ചൈന – 149.81 ബില്യൺ ടൺ (13.15%)
- ഇന്ത്യ – 107.72 ബില്യൺ ടൺ (9.45%)
ഈ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ ഊർജ്ജസുരക്ഷയിൽ ഈ കൽക്കരി ശേഖരത്തിന് വലിയ പങ്കുണ്ട്.
കൽക്കരി ശേഖരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നാലെ ജർമ്മനി, ഉക്രൈൻ, ദക്ഷിണാഫ്രിക്ക, പോളണ്ട്, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആഗോള ഊർജ്ജ വിപണിയിൽ ഇവയ്ക്കും നിർണായക സ്ഥാനമുണ്ട്.
കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറന്തള്ളലും സംബന്ധിച്ച ആശങ്കകൾ വർധിച്ചതോടെ സൗരോർജ്ജം, കാറ്റാടി വൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിലേക്ക് ലോകം വേഗത്തിൽ നീങ്ങുകയാണ്. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഹരിത ഊർജ്ജ പദ്ധതികളിൽ വൻ നിക്ഷേപങ്ങളാണ് നടത്തുന്നത്.
എന്നാലും , നിലവിലെ സാഹചര്യത്തിൽ കൽക്കരി പോലുള്ള ഫോസിൽ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കി 100 ശതമാനം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുക എന്നത് ഉടൻ സാധ്യമാകുന്ന കാര്യമല്ല. വൈദ്യുതി ഉൽപ്പാദനം, ഉരുക്ക് നിർമ്മാണം, വ്യവസായ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ കൽക്കരി ഇപ്പോഴും നിർണായക ഘടകമായി തുടരുകയാണ്. അതുകൊണ്ടുതന്നെ, ഹരിത ഊർജ്ജത്തിന്റെ ഭാവി വാതിലുകൾ തുറക്കുമ്പോഴും ലോക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന “കറുത്ത സ്വർണം” എന്ന പദവി കൽക്കരി ഇപ്പോഴും നിലനിർത്തുകയാണ്.
