ദോഹ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു: ട്രംപ്

ദോഹയിൽ നടക്കാനിരിക്കുന്ന പുതിയ ചർച്ചകൾക്ക് മുന്നോടിയായി, ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനെ ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും നയതന്ത്രപരമായും സൈനികമായും അമേരിക്ക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുന്നതിന് മുൻപ് ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചർച്ചകൾക്കായി അമേരിക്കൻ ഉദ്യോഗസ്ഥർ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് യാത്രതിരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“നാളെ ദോഹയിൽ ഇതുസംബന്ധിച്ച് ഒരു യോഗം നടക്കും. അത് എങ്ങനെ മുന്നോട്ടുപോകുമെന്ന് നമുക്ക് കാണാം. ആ കൂടിക്കാഴ്ച നിർണായകമാകാം, അല്ലാതെയാകാം. അതിന്റെ ഫലം ഉടൻ വ്യക്തമാകും,” ട്രംപ് പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്ക അടുത്തിടെ സ്വീകരിച്ച സൈനിക നടപടികൾക്ക് ശേഷം യുഎസ് മുൻതൂക്കം നേടിയിട്ടുണ്ടെന്ന വിലയിരുത്തലും ട്രംപ് പങ്കുവച്ചു. “സൈനികപരമായി ഞങ്ങൾ വിജയിച്ചിരിക്കുകയാണ്. ആ ദൗത്യം ഏകദേശം പൂർണ വിജയമായിരുന്നു,” അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയുടെ ലക്ഷ്യം വ്യക്തവും ലളിതവുമാണെന്ന് ട്രംപ് പറഞ്ഞു. “ഇറാന്റെ ആണവനിരായുധീകരണമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. അവർക്ക് ആണവായുധം ലഭിക്കരുത്, ലഭിക്കാനും പോകുന്നില്ല. അതിന് അവർ സമ്മതിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇറാൻ സമ്മതിച്ചുവെന്ന് പറഞ്ഞ കരാറിന്റെ വിശദാംശങ്ങളോ ഇരുരാജ്യങ്ങൾ തമ്മിലുള്ള ധാരണയുടെ സ്വഭാവമോ ട്രംപ് വെളിപ്പെടുത്തിയില്ല. ദോഹ ചർച്ചയിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തത നൽകിയില്ല.

അതേസമയം, ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ ഉണ്ടായ ഇടിവിനെയും ട്രംപ് പരാമർശിച്ചു. “എണ്ണവില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ന് അത് ബാരലിന് 69 ഡോളറിലെത്തി. ഇറാന്റെ ആണവനിരായുധീകരണ ശ്രമങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ ഇത് താഴ്ന്ന നിരക്കാണ്,” അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക