ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; നേതാക്കൾക്ക് പരിശീലനവും നിർബന്ധ പരീക്ഷയും നടത്താൻ ബിജെപി

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കളുടെ സംഘടനാ പരിജ്ഞാനവും നേതൃപാടവവും ശക്തിപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതിയുമായി ബിജെപി. സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയും കാര്യക്ഷമമായ പ്രവർത്തനശേഷിയുമുള്ള നേതാക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതലത്തിൽ നേതൃത്വ ക്ലാസുകളും പരീക്ഷയും സംഘടിപ്പിക്കുന്നത്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരമാണ് ‘പ്രശിക്ഷൺ ശിബിരം’ എന്ന പേരിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ബൂത്ത് തലം മുതൽ സംസ്ഥാനതല നേതാക്കൾ വരെ എല്ലാ ഭാരവാഹികൾക്കും പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പരിശീലനത്തിന് ശേഷം നടത്തുന്ന പരീക്ഷ വിജയകരമായി പാസാകുന്നതും നിർബന്ധമാണെന്നാണ് പാർട്ടി നിർദേശം.

സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കും. രാഷ്ട്രീയ-സംഘടനാ വിഷയങ്ങളിലെ ക്ലാസുകൾക്ക് പുറമെ ഡിജിറ്റൽ സാക്ഷരതാ പരിശീലനവും നൽകും. പാർട്ടിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് കാര്യക്ഷമമായി ഉപയോഗിക്കാനും വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്യാനുമുള്ള പരിശീലനമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ ഡിജിറ്റൽ രംഗത്ത് പിന്നോക്കം നിൽക്കുന്ന നേതാക്കളെ കൂടുതൽ പ്രാപ്തരാക്കുകയും പരിശീലനത്തിൽ പഠിപ്പിച്ച കാര്യങ്ങൾ എത്രത്തോളം ഉൾക്കൊണ്ടുവെന്ന് വിലയിരുത്തുകയും ചെയ്യുന്നതിനാണ് പരീക്ഷ നടത്തുന്നതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

മറുപടി രേഖപ്പെടുത്തുക