500-ലേറെ ബാലലൈംഗിക പീഡന കേസുകൾ; ഇരയായവർക്ക് യുഎസ് കത്തോലിക്കാ അതിരൂപത 395 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ കത്തോലിക്കാ അതിരൂപതയ്‌ക്കെതിരായ 500-ലധികം ബാലലൈംഗിക പീഡന പരാതികൾ ഒത്തുതീർപ്പാക്കുന്നതിനായി 395 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) നൽകാൻ തത്വത്തിൽ ധാരണയായി. സമീപ വർഷങ്ങളിൽ യുഎസ് കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ നഷ്ടപരിഹാര കരാറുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2023-ൽ പാപ്പരത്ത സംരക്ഷണത്തിനായി അപേക്ഷ നൽകിയ അതിരൂപതയ്‌ക്കെതിരേ കാലിഫോർണിയയിലെ പ്രത്യേക നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിന് പഴയ ലൈംഗിക പീഡന പരാതികളാണ് വീണ്ടും കോടതിയിലെത്തിയത്. ഇതോടെയാണ് വൻതോതിലുള്ള ഒത്തുതീർപ്പിലേക്ക് അതിരൂപത നീങ്ങിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി ആർച്ച് ബിഷപ്പ് സാൽവറ്റോർ ജെ. കോർഡിലിയോൺ ഓരോ അതിജീവിതർക്കും വ്യക്തിപരമായ ക്ഷമാപണക്കത്ത് നൽകുമെന്ന് പരാതിക്കാരുടെ അഭിഭാഷകർ അറിയിച്ചു. കൂടാതെ, ലൈംഗിക പീഡന ആരോപണം നേരിട്ട പുരോഹിതരുടെ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുക, അതിജീവിതരെ മൗനത്തിലാക്കുന്ന രഹസ്യ കരാറുകൾ നിരോധിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പാക്കേണ്ടിവരും.

“ഒരു സാമ്പത്തിക ഒത്തുതീർപ്പിനും അതിജീവിതർ അനുഭവിച്ച വേദന ഇല്ലാതാക്കാനാവില്ല. എന്നാൽ അവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഒരു വഴിയാണിത്,” എന്ന് ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ദുരുപയോഗം നടക്കാൻ ഇടയാക്കിയ സ്ഥാപനപരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

സാൻ ഫ്രാൻസിസ്കോ, സാൻ മാറ്റിയോ, മാരിൻ കൗണ്ടികളിലായി ഏകദേശം 4.4 ലക്ഷം കത്തോലിക്കാ വിശ്വാസികൾക്ക് സേവനം നൽകുന്ന അതിരൂപതയുടെ ഇടവകകൾ, സ്കൂളുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ സാമ്പത്തിക സംഭാവനകളിലൂടെയായിരിക്കും നഷ്ടപരിഹാര തുക കണ്ടെത്തുക. ദാതാക്കളുടെ പ്രത്യേക ഫണ്ടുകളോ വാർഷിക സംഭാവനാ ഫണ്ടുകളോ ഇതിനായി ഉപയോഗിക്കില്ലെന്നും അതിരൂപത വ്യക്തമാക്കി.

അമേരിക്കയിലെ വിവിധ കത്തോലിക്കാ രൂപതകൾക്കെതിരായ ബാലലൈംഗിക പീഡന കേസുകളിൽ വൻതോതിലുള്ള ഒത്തുതീർപ്പുകൾ അടുത്തകാലത്തായി വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം 1,353 പരാതികൾ പരിഹരിക്കുന്നതിനായി 880 മില്യൺ ഡോളർ നൽകാൻ ലോസ് ആഞ്ചലസ് അതിരൂപത സമ്മതിച്ചതും ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

മറുപടി രേഖപ്പെടുത്തുക