ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര; കൊച്ചി കോർപ്പറേഷൻ പ്രഖ്യാപനം

ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ ഫെറി സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച് കൊച്ചി കോർപ്പറേഷൻ . പുതുതായി നിർമിച്ച റോ-റോ സർവീസ് ആരംഭിക്കുന്നതോടൊപ്പം വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയും നടപ്പാക്കുമെന്ന് മേയർ വികെ മിനിമോൾ അറിയിച്ചു.

കോർപ്പറേഷനുവേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച മൂന്നാമത്തെ റോ-റോ ആയ ‘സേതുസാഗർ-3’ അടുത്തിടെയാണ് ജലത്തിലിറക്കിയത്. മുഖ്യമന്ത്രി വിഡി സതീശൻ പങ്കെടുക്കുന്ന തീയതി പരിഗണിച്ച ശേഷമായിരിക്കും പുതിയ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം.

റോ-റോ ഫെറിയിലെ സാധാരണ യാത്രാനിരക്ക് മൂന്ന് രൂപയാണ്. പുതിയ തീരുമാനപ്രകാരം വനിതാ യാത്രക്കാർക്ക് ഈ തുക ഈടാക്കില്ല. എന്നാൽ വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് സൗജന്യാനുകൂല്യം ബാധകമല്ല. വാഹനങ്ങളുമായി യാത്ര ചെയ്യുന്നവർ നിലവിലെ നിരക്കുകൾ പ്രകാരം ടിക്കറ്റ് എടുക്കേണ്ടതായിരിക്കും.

വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥിരംസമിതി ചെയർമാൻ കെ.എ. മനാഫ് അവതരിപ്പിച്ച പ്രമേയം കോർപ്പറേഷൻ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.

റോ-റോ സർവീസ് കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും സർവീസ് നടത്തുന്നത് Kerala Inland Navigation Corporation ആണ്. സർവീസ് നഷ്ടത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎൻസിയും കോർപ്പറേഷനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇതിനിടെ, റോ-റോ സർവീസിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി പ്രത്യേക ‘സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ’ രൂപീകരിക്കാനുള്ള സാധ്യത പഠിക്കാൻ കോർപ്പറേഷൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഫോർട്ട് കൊച്ചി–വൈപ്പിൻ മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന ഈ തീരുമാനം വനിതകളുടെ ജലഗതാഗത ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മറുപടി രേഖപ്പെടുത്തുക