സിഎംആർഎൽ-എക്സാലോജിക് കേസ്; അന്വേഷണം മുഹമ്മദ് റിയാസിലേക്കും, വീണ വിജയന് വീണ്ടും ഇ.ഡി നോട്ടീസ്

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കുന്നതായി സൂചന. റിയാസിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

സിഎംആർഎല്ലിൽ നിന്ന് വീണ വിജയന് ലഭിച്ചെന്നു പറയപ്പെടുന്ന പണം പിന്നീട് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ ഇ.ഡി പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും നേരത്തെ ഇ.ഡി പരിശോധന നടത്തിയിരുന്നു.

അതേസമയം, കേസിൽ മൂന്നാംവട്ട ചോദ്യം ചെയ്യലിനായി വീണ വിജയനെ വീണ്ടും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളിൽ വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചോദ്യം ചെയ്യൽ.

മുമ്പ് നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വിശദീകരണം തേടി വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്.

മറുപടി രേഖപ്പെടുത്തുക