മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് 11 വയസ്സുകാരൻ ദാരുണമായി മരിച്ചു. ക്രിക്കറ്ററാകണമെന്ന സ്വപ്നം കണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർഥി വിഹാൻ ശ്രീവാസ്തവയുടെ മരണവാർത്ത പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
മുംബൈയിലെ ചെമ്പൂർ മേഖലയിലെ യൂണിവേഴ്സൽ ഹൈസ്കൂളിലെ വിദ്യാർഥിയായ വിഹാൻ, മറ്റ് വിദ്യാർഥികൾക്കൊപ്പം സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് സുഭാഷ് നഗർ പ്രദേശത്ത് 40 മുതൽ 50 വർഷം വരെ പഴക്കമുള്ള ഒരു വലിയ മരം വേരോടെ കടപുഴകി ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഹാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന മറ്റ് നാല് വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്.
വിഹാന്റെ മരണത്തിൽ കുടുംബം തകർന്നിരിക്കുകയാണ്. ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്ന മകനെ ഓർത്തു മാതാപിതാക്കളും ബന്ധുക്കളും കണ്ണീരോടെ യാത്രയയപ്പ് നൽകി. ക്രിക്കറ്റിനോടുള്ള വിഹാന്റെ അതിയായ സ്നേഹത്തിന്റെ ഓർമയായി, അവന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് പന്ത് ഉൾപ്പെടുത്തിയാണ് അന്ത്യകർമങ്ങൾ നടത്തിയതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പ്രതിഭയുള്ള ഒരു യുവ ക്രിക്കറ്റ് താരമാകണമെന്ന സ്വപ്നവുമായി മുന്നേറിക്കൊണ്ടിരുന്ന ബാലന്റെ അപ്രതീക്ഷിത വേർപാട് സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
