അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളും വെള്ളിക്കട്ടികളും കാണാതായെന്ന ആരോപണത്തിൽ ബിജെപി സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇത്ര വലിയ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ എഫ്ഐആർ ഫയൽ ചെയ്യാനോ തയ്യാറാകാത്തത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കെജ്‌രിവാൾ പ്രതികരിച്ചത്. കോടിക്കണക്കിന് രൂപയുടെ ഭക്തജനങ്ങളുടെ സംഭാവനകൾ ദുരൂഹമായി കാണാതായ സാഹചര്യത്തിൽ സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കേസിൽ സ്വാധീനമുള്ള വ്യക്തികൾക്ക് പങ്കുണ്ടാകാമെന്നും, അന്വേഷണം ശക്തമാക്കിയാൽ സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ഭയമാണ് നടപടികൾ വൈകാൻ കാരണമെന്നുമാണ് കെജ്‌രിവാളിന്റെ ആരോപണം. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമായ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭക്തരുടെ വിശ്വാസമാണോ സർക്കാരിന്റെ രാഷ്ട്രീയ താൽപര്യമാണോ പ്രധാനമെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
അതേസമയം, വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ ഏകദേശം 200 കോടി രൂപ വരെ ക്രമക്കേട് നടന്നിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്.
ക്ഷേത്രത്തിലെ കാണിക്ക എണ്ണൽ ചുമതലയുള്ള അഞ്ച് ജീവനക്കാരെ അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. സംഭാവനകളുടെ കണക്കെടുപ്പ്, സംഭരണ രീതി, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്.
