നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ, അഥവാ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിച്ചത്.

ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനൽ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതെന്നാണ് വിവരം.

അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തത്. പരാതിയെത്തുടർന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ലഹരിമരുന്ന് ഉപയോഗം, അശ്ലീല ഉള്ളടക്ക പ്രചരണം, പോക്സോ നിയമലംഘനം, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തലങ്ങളിൽ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും ഡിജിറ്റൽ രേഖകളും ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക