മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നതിനിടെ, യുഎസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന അറബ് രാജ്യങ്ങൾ പ്രതികാര ആക്രമണങ്ങൾക്ക് നിയമാനുസൃത ലക്ഷ്യങ്ങളാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യം തുടർച്ചയായ നാലാം ദിവസവും ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതോടെയാണ് പുതിയ ഭീഷണി ഉയർന്നത്.
ഞായറാഴ്ച ഇറാൻ ജോർദാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ നടപടികളെ ശക്തമായി അപലപിച്ചത്.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് സൗകര്യമൊരുക്കി ചില ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ഭൂമിയും സൈനിക സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കുന്നുവെന്നും ഇതിലൂടെ അവർ ഇറാനെതിരായ “നിയമവിരുദ്ധ യുദ്ധത്തിന്റെ വേദിയായി” മാറുകയാണെന്നും മന്ത്രാലയം ആരോപിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം സ്വന്തം പ്രദേശം മറ്റൊരു രാജ്യത്തിനെതിരായ സൈനിക നടപടികൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ബാധ്യത അയൽരാജ്യങ്ങൾക്കുണ്ടെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
അതേസമയം, മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ നടപടികളെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായി രംഗത്തെത്തി. പേർഷ്യൻ ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്ന സ്വയം പ്രതിരോധ അവകാശത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ആക്രമണം നടത്തുന്നില്ല, മറിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്” എന്നും അദ്ദേഹം പറഞ്ഞു.
