തിരഞ്ഞെടുപ്പ് പരാജയം കേന്ദ്ര കമ്മിറ്റി വിശദമായി ചർച്ച ചെയ്തു; തെറ്റ് തിരുത്തൽ നടപടികൾ പ്രഖ്യാപിക്കും: എം.എ. ബേബി

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദമായി വിലയിരുത്തിയതായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തെറ്റ് തിരുത്തൽ കാമ്പയിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ സെപ്റ്റംബർ പകുതിയോടെ വിശാല സംസ്ഥാന സമിതി യോഗം ചേരുമെന്നും, അതിന് ശേഷം ആവശ്യമായ സംഘടനാപരവും രാഷ്ട്രീയവുമായ നടപടികൾ പ്രഖ്യാപിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും, വിവിധ തലങ്ങളിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് എം.എ. ബേബി വിമർശിച്ചു. കിസാൻ സഭയും സംയുക്ത കിസാൻ മോർച്ചയും ആഗസ്റ്റ് 10 മുതൽ സംഘടിപ്പിക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന് സിപിഐഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

ലഡാക്കിലെ ജനാവകാശ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പ്രക്ഷോഭത്തിനും പാർട്ടി പിന്തുണ പ്രഖ്യാപിച്ചതായി എം.എ. ബേബി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക