സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

കോൺഗ്രസിനായി പ്രവർത്തിച്ചവർക്കും പോഷക സംഘടനാ പ്രവർത്തകർക്കും സർക്കാർ നിയമനങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതിയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്ലീഡർ നിയമനത്തിൽ ഒരാൾ കോളജ് പഠനകാലത്ത് കെഎസ്‌യു പ്രവർത്തകനും മറ്റൊരാൾ ബിജെപി പശ്ചാത്തലമുള്ളയാളുമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സമർപ്പിച്ച പട്ടികയിൽ ഈ രണ്ട് പേരുടെയും പേരുകൾ ഉൾപ്പെട്ടിരുന്നുവെന്നും ഇരുവരും സംഘടനയിലെ അംഗങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ഥാനാർഥികളുടെ പശ്ചാത്തലവും പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയതെന്നും, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അലോഷ്യസ് സേവ്യറിന്റെ പരാതി തനിക്ക് അറിയില്ലെന്നും കെഎസ്‌യു നേതാക്കൾ ആരും ഇക്കാര്യം നേരിട്ട് അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ?” എന്ന് ചോദിച്ച അദ്ദേഹം, സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു കമ്മിറ്റി തീരുമാനിക്കുന്ന കാര്യമല്ലെന്നും കൂട്ടിച്ചേർത്തു.

ആർഎസ്എസ് പശ്ചാത്തലമുള്ളയാളെ സർക്കാർ പ്ലീഡറായി നിയമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യു ഉയർത്തിയ പ്രതിഷേധവും മുഖ്യമന്ത്രി തള്ളി.

മറുപടി രേഖപ്പെടുത്തുക