2026 ഫിഫ ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ ഹർജിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹർജിയിൽ 75 ലക്ഷത്തിലധികം പേർ ഒപ്പുവെച്ചതായി സംഘാടകർ അവകാശപ്പെടുന്നു.
‘argentinaout.com‘ എന്ന വെബ്സൈറ്റിലൂടെയാണ് ഹർജി പ്രചരിക്കുന്നത്. ഫിഫയും റഫറിമാരും ലയണൽ മെസ്സിയെയും അർജന്റീനയെയും അനുകൂലിക്കുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. അതിനാൽ ടൂർണമെന്റിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ അർജന്റീനയെ മത്സരത്തിൽ നിന്ന് പുറത്താക്കണമെന്നും മറ്റ് ടീമുകൾക്ക് തുല്യ അവസരം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇതിനിടെ, അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന് ദീർഘകാല ചരിത്രവും കടുത്ത മത്സരവുമുണ്ട്. 1986 ലോകകപ്പിൽ ഡീഗോ മറഡോണയുടെ വിവാദമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളിന്റെ പശ്ചാത്തലത്തിൽ അർജന്റീന ഇംഗ്ലണ്ടിനെ 2-1ന് തോൽപിച്ചതും ഇന്നും ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന സംഭവമാണ്. ഫോക്‌ലാൻഡ് ദ്വീപുകളെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കവും മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇത്തരം വിവാദങ്ങൾ ടീമിന്റെ തയ്യാറെടുപ്പിനെ ബാധിക്കില്ലെന്ന് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ വ്യക്തമാക്കി. അർജന്റീന മികച്ച ടീമാണെന്നും അവർ തന്ത്രപരമായി കളിക്കുകയും മത്സരത്തിന്റെ ഗതി നിയന്ത്രിക്കാൻ കഴിവുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എതിരാളിയെക്കാൾ സ്വന്തം പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇംഗ്ലണ്ട് സെമിഫൈനലിനെ സമീപിക്കുന്നതെന്നും കെയ്ൻ പ്രതികരിച്ചു.
