മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹി ആസ്ഥാനമായുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഫോൺവിളിക്കായി ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ തിരിച്ചറിഞ്ഞതായും, തുടർ അന്വേഷണത്തിനായി സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.
ജൂലൈ 6-നാണ് വിദ്യ ബാലകൃഷ്ണന് ഫോൺവിളി ലഭിച്ചത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് എംഎൽഎയെ ബന്ധപ്പെട്ടത്. ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും നിലവിലുള്ള ചില മന്ത്രിമാരെ മാറ്റുമെന്നും പറഞ്ഞ ഇയാൾ, മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്ന് ഹിന്ദിയിൽ അറിയിച്ചു.
ജില്ലയിലെ മറ്റൊരു എംപിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു ഇയാളുടെ സംസാരം. ഇതിൽ സംശയം തോന്നിയ വിദ്യ ബാലകൃഷ്ണൻ ബന്ധപ്പെട്ട എംപിയെ നേരിട്ട് ബന്ധപ്പെട്ടു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ആരോ വിളിച്ച് രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ ചോദിച്ചിരുന്നുവെന്നും, അതല്ലാതെ ഈ വിഷയത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നും എംപി അറിയിച്ചു.
തുടർന്നാണ് ഇത് സൈബർ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ എംഎൽഎ, ജൂലൈ 11-ന് സൈബർ സെല്ലിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
