മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസി വിഭാഗങ്ങളെ സി കെ ജാനു തിരിഞ്ഞ് നോക്കിയില്ലെന്ന് സാമൂഹ്യപ്രവർത്തകൻ എം ഗീതാനന്ദൻ ആരോപിച്ചു. ജാനുവിന്റെ രാഷ്ട്രീയ നിലപാടുകൾ കടുത്ത രീതിയിൽ വിമർശിച്ച അദ്ദേഹം, മുത്തങ്ങയിൽ യുഡിഎഫ് സർക്കാർ നടത്തിയ അതിക്രമങ്ങൾക്ക് വെള്ളപൂശേണ്ടതില്ലെന്നും വ്യക്തമാക്കി.
കേരള ചരിത്രത്തിൽ മായ്ച്ചുകളയാനാകാത്ത ഗുരുതര കുറ്റകൃത്യമാണ് അന്നത്തെ യുഡിഎഫ് സർക്കാർ നടത്തിയതെന്ന് ഗീതാനന്ദൻ പറഞ്ഞു. സംഭവത്തിൽ എ കെ ആൻറണിയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻഡിഎ മുന്നണിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് സി കെ ജാനു കേരള സമൂഹത്തോട് തെറ്റുതുറന്ന് പറയണമെന്നും, ദളിത്-ആദിവാസി വിഷയങ്ങളിൽ താൻ എത്രമാത്രം ഇടപെട്ടിട്ടുണ്ടെന്ന് ജാനു സ്വയം വിലയിരുത്തണമെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫിൽ അസോസിയേറ്റായി ചേരാനുള്ള സി കെ ജാനുവിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. 2003-ൽ മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ നരനായാട്ട് നടത്തിയ യുഡിഎഫ് സർക്കാറിനെതിരായ സമരത്തിന് നേതൃത്വം നൽകിയ ജാനുവാണ് ഇപ്പോൾ അവസരവാദ നിലപാടോടെ യുഡിഎഫിനൊപ്പം ചേരുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
