എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോല്‍വിക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് ബോധപൂര്‍വം എകെ ബാലനെക്കൊണ്ട് പറയിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിന് പകരമാണ് ഇത്തരം വര്‍ഗീയത വിളമ്പുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ആലപ്പുഴയില്‍ എസ്ഡിപിഐയുടെ സഹായത്തോടുകൂടി മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നേടാന്‍ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോണ്‍ഗ്രസ് ഒരു വര്‍ഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാവില്ല. വര്‍ഗീയ ശക്തികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല. നിലവില്‍ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളീയ സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷം വിളമ്പാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. ഇത്തരം നിലപാടുകള്‍ പിന്‍വലിക്കാന്‍ സിപിഎം തയാറാകണം. ആലപ്പുഴ നഗരസഭയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ വിഷയത്തില്‍ സിപിഎം മറുപടി പറയണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാര്‍ട്ടി എല്ലാ തലങ്ങളിലും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
