മുല്ലപ്പെരിയാർ; ‘വെള്ളം തമിഴ്നാടിന്, സുരക്ഷ കേരളത്തിന്’ എന്ന് രാജീവ് പ്രതാപ് റൂഡി

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആശങ്കകൾ ഒരുപോലെ പ്രധാനമാണെന്ന് കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ള ആവശ്യവും പരിഗണിച്ചുള്ള പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാറിൽ ചേർന്ന കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചത്. പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം യോഗത്തിൽ വീണ്ടും ഉന്നയിക്കപ്പെട്ടു. “തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും” എന്നതാണ് വിഷയത്തിൽ വേണ്ട സമീപനമെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേൾക്കുക മാത്രമാണ് കമ്മിറ്റിയുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ വിവിധ ജലവിഭവ പദ്ധതികളെക്കുറിച്ചും ചർച്ച നടന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ ദീർഘ ഇടവേളയ്ക്കു ശേഷമാണ് ഇരു സംസ്ഥാനങ്ങളും ഒരേ വേദിയിൽ ചർച്ച നടത്തുന്നത്. അതേസമയം, പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ എതിർക്കുമെന്ന നിലപാട് തമിഴ്നാട് ആവർത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലും ഈ നിലപാട് വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും, ഡാമിന്റെ അറ്റകുറ്റപ്പണികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക