ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് ഉപയോക്തൃ അക്കൗണ്ടുകളുടെ സുരക്ഷയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ ലോഗിൻ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ സംവിധാനപ്രകാരം, ഒരു അക്കൗണ്ടിന് കീഴിലുള്ള ഓരോ പ്രൊഫൈലിനും പ്രത്യേക ഇമെയിൽ വിലാസം നിർബന്ധമാക്കാനാണ് കമ്പനിയുടെ പദ്ധതി.
ജൂൺ 15 മുതൽ ഘട്ടംഘട്ടമായി ഈ അപ്ഡേറ്റ് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ ‘ആഡ്-ഓൺ മെമ്പർ’ ആയി സേവനം ഉപയോഗിക്കുന്നവരെ പുതിയ നയം ബാധിച്ചേക്കും. എന്നാൽ കുട്ടികൾക്കായി സൃഷ്ടിച്ചിരിക്കുന്ന പ്രൊഫൈലുകൾക്ക് ഈ നിബന്ധന ബാധകമാകില്ലെന്നും വ്യക്തമാക്കുന്നു.
ഉപയോക്തൃ സുരക്ഷ വർധിപ്പിക്കാനും അക്കൗണ്ട് ഉപയോഗം കൂടുതൽ വ്യക്തിഗതമാക്കാനുമാണ് ഈ മാറ്റമെന്ന് നെറ്റ്ഫ്ലിക്സ് വിശദീകരിക്കുന്നു. പുതിയ സംവിധാനത്തിലൂടെ ഓരോ ഉപയോക്താവിനും ഓഡിയോ, വീഡിയോ, ഡിസ്പ്ലേ ക്രമീകരണങ്ങൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുതിയ നയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഒരേ വീട്ടിലെ വിവിധ ഉപകരണങ്ങളിൽ ഒരേ പ്രൊഫൈൽ ഉപയോഗിക്കുന്ന കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഉപയോക്താക്കളുടെ ആശങ്ക. കൂടാതെ, കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കപ്പെടാനുള്ള സാധ്യതയും സ്വകാര്യതാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പലരും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
നെറ്റ്ഫ്ലിക്സിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടും ചർച്ചകൾ ശക്തമാണ്. ഉപയോക്തൃ വിവരങ്ങൾ മൂന്നാം കക്ഷി മാർക്കറ്റിംഗ് സ്ഥാപനങ്ങളുമായി പങ്കുവെക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക ചില വിഭാഗങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക വിശദീകരണത്തിനായി ഉപയോക്താക്കൾ കാത്തിരിക്കുകയാണ്.
