കോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

അതേസമയം ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ഷൊര്‍ണൂരില്‍ നഗരസഭയില്‍ 35 വാര്‍ഡുകള്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് വിജയം. 17 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 12 വാര്‍ഡുകളില്‍ വിജയിച്ച് ബിജെപി സീറ്റ് വര്‍ധിപ്പിച്ചു .കോണ്‍ഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിര്‍മല വിജയിച്ചു.

കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ആദ്യ കാലത്ത് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് പരാജയം. പെരുമ്പളയിലും കോളിയടുക്കത്തും യുഡിഎഫിന് അട്ടിമറി ജയം. തൃശൂര്‍ കോര്‍പ്പറേഷനിലും യുഡിഎഫ് ഭരണമുറപ്പിച്ചു.

ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്ത് യുഡിഎഫിന് വന്‍മുന്നേറ്റമാണ് കുറിച്ചത്. കുന്നത്തുനാട്ടിലും മഴവന്നൂരിലും യുഡിഎഫ് മുന്നിലാണ്. കിഴക്കമ്പലത്തും ഐക്കരനാടുമാണ് ട്വന്റി 20 ലീഡ് ചെയ്യുന്നത്. കൊട്ടാരക്കര നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 17 സീറ്റുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റുകളില്‍ എന്‍ഡിഎ അഞ്ച് സീറ്റുകളിലും ജയിച്ചു.

ഒറ്റപ്പാലം നഗരസഭയില്‍ സിപിഎം ഭരണം നിലനിര്‍ത്തി. 19 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫ് 8 സീറ്റ് നേടി. എന്‍ഡിഎ 12 സീറ്റ് നേടി നില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ എന്‍ഡിഎയ്ക്ക് 9 സീറ്റാണ് ഉണ്ടായിരുന്നത്.

മറുപടി രേഖപ്പെടുത്തുക