മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേര്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം വരുത്തുന്ന ബില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ചൊവ്വാഴ്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
പൂര്‍ണമായും കേന്ദ്രം ധനസഹായം നല്‍കിയിരുന്ന എംജിഎന്‍ആര്‍ഇജിഎ റദ്ദാക്കി പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി പദ്ധതിയെ അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമായി ഉയര്‍ന്നു.
ഗാന്ധിജിയെ പൂര്‍ണമായി ഒഴിവാക്കി ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ (വിബിജിറാംജി) എന്ന പുതിയ പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ ലോക്‌സഭയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഗാന്ധി ഒരു കുടുംബത്തിന്റേതല്ല, രാജ്യത്തിന്റേതാണെന്ന് ചൂണ്ടിക്കാട്ടി വയനാട് എംപി പ്രിയങ്ക ഗാന്ധി ബില്ലിനെതിരെ ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് അവര്‍ സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന പുതിയ ബില്‍ നിലവിലുള്ള നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. നിയമം ഉടന്‍ പിന്‍വലിക്കണമെന്നും, ആരുടെയെങ്കിലും ‘ഇച്ഛ, അഭിലാഷം, മുന്‍വിധി’ എന്നിവയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തരുതെന്നും അവര്‍ പറഞ്ഞു.
എംജിഎന്‍ആര്‍ഇജിഎയ്ക്ക് പേര് നല്‍കിയ മഹാത്മാ ഗാന്ധിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധം സംഘടിപ്പിച്ചു. ലോക്‌സഭയിലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 72(1) പ്രകാരമാണ് പ്രിയങ്ക ഗാന്ധി ബില്ലിനെ ഔപചാരികമായി എതിര്‍ത്തത്.
ഗ്രാമീണ ഇന്ത്യയ്ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കഴിഞ്ഞ 20 വര്‍ഷമായി എംജിഎന്‍ആര്‍ഇജിഎ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന ഈ വിപ്ലവകരമായ നിയമം ഇല്ലാതാക്കി പുതിയത് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.
