റഷ്യയുമായുള്ള യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകൾ പാശ്ചാത്യ രാജ്യങ്ങൾ ഇനി മറച്ചുവെക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ . നാറ്റോയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉയർത്തുന്ന “റഷ്യൻ ഭീഷണി” എന്ന വാദം വ്യാപകമായ സൈനികവൽക്കരണത്തിനും പ്രതിരോധ ചെലവ് വർധിപ്പിക്കുന്നതിനുമുള്ള ന്യായീകരണമാണെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യയിലെ സൈനിക, സുരക്ഷാ അക്കാദമികളിലെ ബിരുദധാരികൾക്കായി ക്രെംലിനിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പുടിന്റെ പരാമർശം. ആയുധങ്ങളും സാമ്പത്തിക സഹായവും നൽകി ഉക്രെയ്‌നിനെ പിന്തുണച്ചിരുന്ന നാറ്റോ ഇപ്പോൾ നേരിട്ടുള്ള യുദ്ധസന്നാഹത്തിലേക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ ബജറ്റുകൾ ഗണ്യമായി വർധിപ്പിച്ച പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ ഭീഷണിയായി ചിത്രീകരിക്കുകയാണെന്നും, ഇത് പഴയകാലം മുതൽ തുടരുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും പുടിൻ ആരോപിച്ചു. റഷ്യക്കെതിരെ ഭീഷണികൾ സൃഷ്ടിച്ചശേഷം അതിനെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികളെ ആക്രമണാത്മക നയമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, റഷ്യൻ നഗരങ്ങൾ ലക്ഷ്യമാക്കി ഉക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ സൈനിക നേട്ടത്തിനല്ല, മറിച്ച് സമൂഹത്തിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനാണെന്നാണ് പുടിന്റെ വിലയിരുത്തൽ. പാശ്ചാത്യ പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ , യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം മണ്ണിൽ നിന്ന് റഷ്യയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇപ്പോഴും തയ്യാറല്ലെന്നും, അത്തരമൊരു നീക്കത്തിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അവർ മനസ്സിലാക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു. ഉക്രെയ്ൻ റഷ്യൻ പ്രദേശങ്ങൾക്കെതിരായ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ ഈ പ്രസ്താവന ശ്രദ്ധ നേടുന്നത്.
