രാജ്യത്തെ ഡിജിറ്റൽ ഉപയോഗത്തിൽ വീണ്ടും കുതിപ്പ്. 2026 മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 109.27 കോടിയായി ഉയർന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോർട്ട് വ്യക്തമാക്കി. 2025 ഡിസംബറിലെ 102.86 കോടിയിൽ നിന്ന് 6.24 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
റിപ്പോർട്ട് പ്രകാരം 104.62 കോടി പേർ വയർലെസ് ഇന്റർനെറ്റ് സേവനങ്ങളും 4.65 കോടി പേർ വയർഡ് ഇന്റർനെറ്റ് സേവനങ്ങളും ഉപയോഗിക്കുന്നു. മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 106.58 കോടി പേർ ബ്രോഡ്ബാൻഡ് സേവനങ്ങളാണ് ആശ്രയിക്കുന്നത്. നാരോബാൻഡ് ഉപയോക്താക്കളുടെ എണ്ണം 2.69 കോടിയാണ്.
2026 മാർച്ച് വരെയുള്ള പാദത്തിൽ ബ്രോഡ്ബാൻഡ് സബ്‌സ്‌ക്രിപ്ഷനുകൾ 5.81 ശതമാനം വർധിച്ചപ്പോൾ നാരോബാൻഡ് കണക്ഷനുകളിൽ 26.62 ശതമാനം വളർച്ചയുണ്ടായി. അതേസമയം, രാജ്യത്തെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 133.05 കോടിയായി ഉയർന്നു. ഇതോടെ ടെലി സാന്ദ്രത 91.74 ശതമാനത്തിൽ നിന്ന് 93.26 ശതമാനമായി വർധിച്ചു.
വയർലൈൻ സേവനങ്ങളുടെയും വളർച്ച ശ്രദ്ധേയമാണ്. വയർലൈൻ ടെലി സാന്ദ്രത 3.33 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി ഉയർന്നു. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വ്യാപകമാകുന്നതിന്റെ സൂചനയായാണ് ഈ വളർച്ച വിലയിരുത്തപ്പെടുന്നത്.
ടെലികോം കമ്പനികളുടെ വരുമാനത്തിലും വർധന രേഖപ്പെടുത്തി. വയർലെസ് സേവനങ്ങളിലെ പ്രതിമാസ ശരാശരി ഉപയോക്തൃ വരുമാനം (ARPU) 196.04 രൂപയായി ഉയർന്നു. വാർഷിക അടിസ്ഥാനത്തിൽ ഇത് 7.15 ശതമാനം വർധനയാണ്. ഉപയോക്താക്കളുടെ ശരാശരി പ്രതിമാസ ഉപയോഗവും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്.
ലൈസൻസ് ഫീസ് വരുമാനം 6,733 കോടി രൂപയിൽ നിന്ന് 6,936 കോടി രൂപയായി ഉയർന്നു. മുൻ പാദത്തെ അപേക്ഷിച്ച് 3.02 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 9.41 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്.
പ്രക്ഷേപണ മേഖലയിലും പുരോഗതി തുടരുകയാണ്. രാജ്യത്ത് അപ്‌ലിങ്കിംഗിനും ഡൗൺലിങ്കിംഗിനുമായി 917 സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഡൗൺലിങ്കിംഗിന് അനുമതിയുള്ള 908 സാറ്റലൈറ്റ് ചാനലുകളിൽ 342 എണ്ണം നിലവിൽ പ്രവർത്തനക്ഷമമാണ്.
ഇന്റർനെറ്റ് ഉപയോഗം, ബ്രോഡ്ബാൻഡ് വ്യാപനം, ടെലികോം വരുമാനം എന്നിവയിൽ രേഖപ്പെടുത്തിയ ഈ വളർച്ച രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
