മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം; കിംവദന്തികൾക്ക് പൂർണ്ണ വിരാമമിട്ട് തൃഷയുടെ പോസ്റ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് നടി തൃഷ കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. വിജയ്‌ക്കൊപ്പമുള്ള ഒരു പ്രത്യേക ചിത്രം പങ്കുവെച്ച തൃഷ, ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന അടിക്കുറിപ്പും ചേർത്തു.

ജൂൺ 22-ന് വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ തൃഷ ആശംസകൾ അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് അവർ വിജയിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ഇരുവരുടെയും സൗഹൃദത്തിൽ വിള്ളൽ വീണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിയൊരുങ്ങി.

എന്നാൽ വിജയ്‌ക്കൊപ്പമുള്ള കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തൃഷ ഈ പ്രചാരണങ്ങൾക്ക് മറുപടി നൽകി. “എല്ലാത്തിനും വില കൽപ്പിക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ 00.00…” എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. അർധരാത്രി 12 മണിക്ക് തന്നെ വിജയ്‌ക്ക് ആശംസകൾ നേർന്നതിന്റെ സൂചനയായാണ് ആരാധകർ ഈ വാചകത്തെ വിലയിരുത്തുന്നത്.

രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനമായതിനാൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച വിജയ്‌യും തൃഷയും ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്.

മുൻ വർഷങ്ങളിൽ വിജയ്‌യുടെ ജന്മദിനത്തിൽ പ്രത്യേക ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്ന തൃഷ ഇത്തവണ പ്രതികരിക്കാൻ അൽപം വൈകിയതോടെയാണ് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഏറ്റവും പുതിയ പോസ്റ്റിലൂടെ ആ പ്രചാരണങ്ങൾക്കെല്ലാം തൃഷ തന്നെ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക