തിരുവനന്തപുരം നഗരത്തിലെ സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക സമരകേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുന്നോട്ടുവച്ചു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ, സമരം മൂലം അതിഥികൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരാമർശിച്ചുകൊണ്ടാണ് ഗവർണർ ഈ ആശയം അവതരിപ്പിച്ചത്. കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകിയ ചായ സത്കാരത്തിനിടെയായിരുന്നു പരാമർശം.
സെക്രട്ടറിയേറ്റിലോ ലോക്ഭവനിലോ സമരങ്ങൾ നടക്കുമ്പോൾ നഗരജീവിതം സ്തംഭിക്കുന്ന സാഹചര്യമുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഈ നിർദേശത്തിൽ തുടർനടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നഗരസഭ മുൻകൈ എടുത്താൽ, സംസ്ഥാന സർക്കാരുമായി സഹകരിച്ച് സമരകേന്ദ്രം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നു.
നഗരവികസനവുമായി ബന്ധപ്പെട്ട ഏത് പദ്ധതിക്കും ഗവർണറെ സമീപിക്കാമെന്നും, കേന്ദ്രസഹായം ലഭ്യമാക്കാൻ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൗൺസിലർമാരോട് ആവശ്യപ്പെട്ടു. കൗൺസിലർമാർ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ പ്രത്യേക കൂടിക്കാഴ്ചക്ക് ക്ഷണിക്കുന്നത്.
