ഗൾഫിൽ തുടരുന്ന Iഇറാൻ- ഇസ്രായേൽ സംഘർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സാമ്പത്തിക വളർച്ച, കയറ്റുമതി, ടൂറിസം മേഖലകൾ എന്നിവയ്ക്ക് ഗുരുതര തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. യുദ്ധം ദൈർഘ്യമേറിയാൽ ഇന്ധനവില വർധനവും അനിവാര്യമാകാം.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിനം ഏകദേശം 200 ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. വിമാന സർവീസുകൾ റദ്ദായതോടെ ഈ കയറ്റുമതി താത്കാലികമായി നിലച്ചത് ആദ്യ ആഘാതമായി മാറിയെന്ന് സാമ്പത്തിക വിദഗ്ധൻ എസ്. മുരളീധരൻ പറയുന്നു . കൂടാതെ, ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലായതിനാൽ കപ്പൽ മാർഗ്ഗമുള്ള ഗതാഗതത്തിനും അനിശ്ചിതത്വം നിലനിൽക്കുന്നു.
യുദ്ധം നീണ്ടാൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് കുറയാൻ സാധ്യതയുണ്ടെന്നും, ക്രൂഡോയിൽ വില വർധനവിനൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യ ഇടിവും ഇന്ധനവില ഉയരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ സംഘർഷം ദീർഘിക്കുകയാണെങ്കിൽ റംസാൻ കാലത്ത് നാട്ടിലേക്ക് എത്തുന്ന മലയാളികളെയും ഇത് ബാധിക്കാം. വിമാന ടിക്കറ്റ് നിരക്ക് 50 മുതൽ 100 ശതമാനം വരെ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ വരവും കുറയാൻ സാധ്യതയുള്ളതിനാൽ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.
