ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള അടുത്ത ബന്ധം “നിർഭാഗ്യകരം” എന്നാണ് ഇറാൻ കരുതുന്നതെന്ന് വിദേശകാര്യമന്ത്രിഅബ്ബാസ് വ്യക്തമാക്കി. ഇന്ത്യ ഇസ്രായേലുമായുംഇറാനുമായും ബന്ധം എങ്ങനെ സന്തുലിതമാക്കുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം പരാമർശം നടത്തിയത്.
“വംശഹത്യ ഭരണകൂടത്തെ കൈകാര്യം ചെയ്യുന്നത് ഇറാൻ ഉചിതമല്ലെന്ന് കരുതുന്നു. ഗാസ മുഴുവൻ നശിപ്പിച്ചത് ഇസ്രായേലാണ്. 70,000 പേർ കൊല്ലപ്പെട്ടു. ഇത് ഒരു അവകാശവാദമല്ല, വസ്തുതയാണ്. ഇതൊരു വംശഹത്യയാണ്,” അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ സുഹൃത്തുക്കൾ സ്വയം തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് അബ്ബാസ് അരാഗ്ചിയുടെ പരാമർശങ്ങൾ പുറത്തുവന്നത്. “പ്രധാനമന്ത്രി മോദി അവിടെ ഇരിക്കുമ്പോൾ, പലസ്തീനികളുടെ പ്രശ്നവും അവരുടെ സ്വയംനിർണ്ണയാവകാശവും അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിനു പിന്നാലെ ഗാസയിൽ വൻ അക്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മോദി രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം നടത്തിയത്. ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യ–ഇസ്രായേൽ ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയെ തന്ത്രപരമായ സഖ്യത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇറാൻ ഉൾപ്പെടെയുള്ള പേർഷ്യൻ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ പരമ്പരാഗതമായി സൗഹൃദബന്ധം പുലർത്തിയിരുന്നുവെങ്കിലും, 2017ൽ മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് ശേഷം ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർന്നു. ഇതോടെ ഇന്ത്യയുടെ പശ്ചിമേഷ്യ നയത്തിൽ വ്യക്തമായ മാറ്റം ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ, ഗാസയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുടെ ഇസ്രായേൽ സന്ദർശനം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. ഇന്ത്യയുടെ പാരമ്പര്യമായ സമതുലിത വിദേശനയ നിലപാട് തുടരണമെന്നാണ് ചിലരുടെ അഭിപ്രായം.
