കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ ആക്രമണത്തിൽ പരിക്കേറ്റവർക്കായി അഫ്‌ഗാനിസ്ഥാന് 2.5 ടൺ അടിയന്തര മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. ഇന്നാണ് ഈ മാനുഷിക സഹായം കൈമാറിയത്. ഈ ദുരിതകാലത്ത് അഫ്ഗാൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ച് നിൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
മാർച്ച് 16-നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സക്കും വേഗത്തിലുള്ള സുഖപ്രാപ്തിക്കും വേണ്ടിയാണ് ഈ സഹായമെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ പുൾ-ഇ-ചാർഖി പ്രദേശത്തെ ഒമിഡ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ആശുപത്രിയെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെടുകയും 250-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന്, കാബൂളിലെ ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
ഇത് ഭീരുത്വപരവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ അക്രമമാണെന്നും, സൈനിക ലക്ഷ്യമെന്ന പേരിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടതാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു.
പാകിസ്ഥാന്റെ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ നേരിട്ട് ലംഘിക്കുന്നതും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തികൾക്കപ്പുറം നടക്കുന്ന ഇത്തരം ആക്രമണങ്ങൾ പാകിസ്ഥാന്റെ ഉത്തരവാദിത്വരഹിതമായ നിലപാട് തെളിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോക മുസ്ലീങ്ങൾക്കായി സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും മാസമായ റമദാനിൽ നടന്ന ആക്രമണം കൂടുതൽ അപലപനീയമാണെന്നും ഇന്ത്യ വ്യക്തമാക്കി.
